Latestകേരളം

‘വിദ്യാർത്ഥി ശ്വാസം കിട്ടാതെ പിടയുന്ന ദൃശ്യങ്ങള്‍’..പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിംഗ്

തിരുവനന്തപുരം കൊടുവഴന്നൂർ ഹയർ സെക്കൻഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിംഗ്.പ്ലസ് ടു വിദ്യാർത്ഥികളാണ് സഹപാഠിയെ മർദ്ദിച്ചതും ശ്വാസംമുട്ടിച്ചതും. സംഭവത്തില്‍ വിദ്യാർത്ഥിയുടെ രക്ഷിതാക്കള്‍ നഗരൂർ പോലീസില്‍ പരാതി നല്‍കി.

തിങ്കളാഴ്ച വൈകുന്നേരമാണ് ക്രൂരമായ സംഭവം നടന്നത്. പ്ലസ് വണ്‍ വിദ്യാർത്ഥി സ്വന്തം ബാച്ചിനായി സോഷ്യല്‍ മീഡിയയില്‍ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഇത് ഡിലീറ്റ് ചെയ്യണമെന്ന് സീനിയർ വിദ്യാർത്ഥികള്‍ ആവശ്യപ്പെട്ടെന്നും, ഇതിനെത്തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നുമാണ് പ്രാഥമിക വിവരം.

ക്ലാസ് കഴിഞ്ഞ് മടങ്ങവെ സീനിയർ വിദ്യാർത്ഥികള്‍ പ്ലസ് വണ്‍ വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ പ്ലസ് ടു വിദ്യാർത്ഥികളിലൊരാള്‍ പ്ലസ് വണ്‍ വിദ്യാർത്ഥിയുടെ കഴുത്ത് കാലുകൊണ്ട് ഞെരുക്കി ശ്വാസംമുട്ടിച്ചു.

വിദ്യാർത്ഥി ശ്വാസം കിട്ടാതെ പിടയുന്ന ദൃശ്യങ്ങള്‍ അക്രമിസംഘം തന്നെ മൊബൈലില്‍ പകർത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ സ്കൂള്‍ അധികൃതരില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.