ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായതിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന പരാതിയിൽ അധ്യാപികയെ സസ്പെൻഡ് ചെയ്തു
ജയ്‌പൂർ: ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായതിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന പരാതിയിൽ രാജസ്ഥാനിൽ മുതിർന്ന സ്കൂൾ അധ്യാപികയെ സസ്പെൻഡ് ചെയ്തു. രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലെ ലിവാലി ഗ്രാമത്തിലുള്ള ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക സരസ്വതി മീനയ്ക്കെതിരെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.
തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നഗ്നയാക്കി പരിശോധിച്ചെന്ന ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പണം കാണാതായതിനെ തുടർന്ന് ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികളുടെ ബാഗുകൾ മാത്രമാണ് പരിശോധിച്ചതെന്നും, അധ്യാപിക ചുമതലപ്പെടുത്തിയ ചില വിദ്യാർത്ഥികളാണ് ഈ പരിശോധന നടത്തിയതെന്നും ചീഫ് ഡിസ്ട്രിക്റ്റ് എഡ്യൂക്കേഷൻ ഓഫീസർ മീന കുമാരി ലസാരിയ വ്യക്തമാക്കി.
അധ്യാപിക ആരെയും പരിശോധിച്ചിട്ടില്ലെന്നും വിദ്യാർത്ഥികളും ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എങ്കിലും, ഈ സംഭവത്തോടെ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റ പശ്ചാത്തലത്തിലാണ് അധ്യാപികയെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നും നാട്ടുകാരുടെ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
