Latestകേരളം

ഗുരുതര പിഴവ്; കുഞ്ഞിൻ്റെ ചുണ്ടിൽ ഉണ്ടായിരുന്നത് നേരിയ മുറിവ്; അനസ്‌തേഷ്യ വേണ്ടിയിരുന്നില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പയ്യന്നൂര്‍: ഒന്നര വയസുകാരന്റെ മരണത്തില്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സംഭവിച്ചത് ഗുരുതര പിഴവ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാണ്. കുഞ്ഞിന് അനസ്‌തേഷ്യ നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിന്റെ ചുണ്ടില്‍ ഉണ്ടായിരുന്നത് നേരിയ മുറിവ് മാത്രമായിരുന്നു. മൂന്ന് ദിവസംകൊണ്ട് ആ മുറിവ് ഉണങ്ങുമായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കുഞ്ഞിന്റെ മുറിവില്‍ തുന്നല്‍ പോലും ആവശ്യമുണ്ടായിരുന്നില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 0.6 × 0.2 × 0.2 ആഴത്തില്‍ മാത്രം ഉണ്ടായ മുറിവാണ് കുഞ്ഞിന് ഉണ്ടായിരുന്നത്. ആ മുറിവിന് സര്‍ജറി ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനസ്‌തേഷ്യ നല്‍കി പത്ത് മിനിറ്റിനകം കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് കുഞ്ഞ് ബോധരഹിതനായത്. തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാത്തതാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു