Latestകേരളം

കേരളത്തില്‍ പവര്‍ കട്ട് മൂലം ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചുവെന്ന വാര്‍ത്ത അങ്ങേയറ്റം ദു:ഖകരമാണ്;വീണാ ജോര്‍ജ്

കൊച്ചി: കേരളത്തില്‍ പവര്‍ കട്ട് മൂലം ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചുവെന്ന വാര്‍ത്ത അങ്ങേയറ്റം ദു:ഖകരമാണെന്ന് മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തക ചിത്ര അഭയ്‌യുടെ കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇത് ഹൃദയഭേദകമാണെന്നും സര്‍ക്കാരിന്റെ അനാസ്ഥയില്‍ ജീവനുകള്‍ നഷ്ടപ്പെടുന്നത് അതീവ ഗൗരവതരമായ സാഹചര്യമാണെന്നും വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

‘ഹൃദയഭേദകമായ ഈ വാര്‍ത്ത കണ്ടപ്പോള്‍ കോവിഡ് കാലമാണ് ഓര്‍മ്മ വന്നത്. കോവിഡ് കാലത്ത് ഓക്‌സിജന്‍ കിട്ടാതെ കേരളത്തില്‍ ആരും മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ ആണ് ആശുപത്രികളിലെ ഓക്‌സിജന്‍ സ്വയംപര്യാപ്തമാക്കുകയും ഓക്‌സിജന്‍ ബെഡ്ഡുകള്‍ ക്രമീകരിക്കുകയും ഒക്കെ ചെയ്തത്. വീടുകളിലെ കിടപ്പ് രോഗികള്‍ക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്നതിന് പുറമേ പൊതുസമൂഹത്തിന്റെ കൂടി പിന്തുണ ഉറപ്പാക്കിയും ലഭ്യമാക്കിയിരുന്നു’, വീണാ ജോർജ് കുറിച്ചു.

ഇന്ന് കറന്റ് കട്ട് മൂലം ഓക്‌സിജന്‍ ലഭ്യത കുറഞ്ഞ് കേരളത്തില്‍ മരണം സംഭവിച്ചിരിക്കുന്നു. മൂന്ന് മാസം മുമ്പുവരെ കറന്റ് കട്ട് എന്തെന്ന് പുതിയ തലമുറയിലെ കുട്ടികള്‍ക്ക് അറിയില്ലായിരുന്നു. കറന്റ് കട്ട് ആക്കുമോ എന്ന് അവര്‍ അന്ന് അത്ഭുതപ്പെട്ടിരുന്നു. ഇന്ന് ഒരുദിവസം തന്നെ പല പ്രാവശ്യം പവര്‍ കട്ടാണ്. ഒപ്പം അതിന്റെ എല്ലാ പ്രശ്‌നങ്ങളിലൂടെയും സമൂഹം കടന്നു പോവുകയും ചെയ്യുന്നുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ നിസംഗത വെടിയണമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.