Latestദേശീയം

വിവാഹ സൽക്കാരം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെം​ഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ വിവാഹ സൽക്കാരത്തിന്റെ ആഘോഷം അവസാനിക്കും മുൻപേ നവവരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രണയിച്ച് വിവാഹം കഴിച്ച യുവാവാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. വധുവിന്റെ കുടുംബത്തിന്റെ എതിർപ്പാണ് കൊലപാതകത്തിന് പിന്നിലെന്ന സംശയത്തിലാണ് പൊലീസ്.

27കാരനായ നബി റസൂലാണ് വിവാഹ സൽക്കാരം കഴിഞ്ഞ് മണിക്കൂറുകൾക്കകം കൊല്ലപ്പെട്ടത്. പതിനഞ്ച് ദിവസം മുമ്പാണ് വിവാഹമോചിതയായ യുവതിയെ നബി റസൂൽ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചത്. യുവതിയുടെ കുടുംബം ഈ വിവാഹത്തെ ശക്തമായി എതിർത്തിരുന്നെങ്കിലും നബി റസൂലിന്റെ കുടുംബം ഇരുവരെയും സ്വീകരിക്കുകയും വ്യാഴാഴ്ച വിവാഹ സൽക്കാരം സംഘടിപ്പിക്കുകയുമായിരുന്നു. സൽക്കാര ചടങ്ങുകൾക്ക് ശേഷം രാത്രി 11.30 ഓടെ സുഹൃത്ത് വിളിച്ചിട്ടുണ്ടെന്ന് വീട്ടുകാരെ അറിയിച്ചാണ് നബി റസൂൽ വീട്ടിൽ നിന്ന് പുറത്തേക്ക് പോയത്. എന്നാൽ, പുലർച്ചെ രണ്ട് മണിവരെയും തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കൾ തെരച്ചിൽ ആരംഭിച്ചു.

തുടർന്ന് വീട്ടിൽ നിന്ന് ഏകദേശം 700 മീറ്റർ അകലെ നബി റസൂലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രണയവിവാഹത്തോട് വധുവിന്റെ കുടുംബത്തിനുണ്ടായിരുന്ന എതിർപ്പ് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ബെല്ലാരി ജില്ലാ പൊലീസ് സൂപ്രണ്ട് സുമൻ ഡി. പെണ്ണേക്കർ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കൗൾ ബസാർ പൊലീസ് സ്റ്റേഷനിൽ കൊലക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. നബി റസൂലിന്റെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, പ്രദേശവാസികൾ എന്നിവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു.