വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷം ഭര്‍ത്താവ് മുങ്ങി, ടവറിന് മുകളില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി
ബെൻഗളുരു ഭർത്താവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതി മൂന്ന് ദിവസം പൊലീസിനെ വലച്ചു.നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ യുവതിയെ ബെംഗളൂരു നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റി. പാവഗഡ സ്വദേശിനിയായ സിന്ധു (20) ആണ് നെലമംഗലയില്‍ പൊലീസിന് തലവേദനയായത്. ഈ മാസം ആറിനായിരുന്നു സിന്ധുവും ഗണേഷും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളില്‍ സിന്ധുവിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഗണേഷ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.
ഭർത്താവിനെ കാണാതായതോടെ സിന്ധു മദനായകനഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. കേസ് എടുത്തിട്ടും ഭർത്താവിനെ കണ്ടെത്താൻ വൈകുന്നുവെന്ന് ആരോപിച്ച് സിന്ധു തിരക്കേറിയ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് ഇവരെ അനുനയിപ്പിച്ച് മാറ്റിയത്. പിറ്റേന്ന് മകാലി ഗ്രാമത്തിലെ മൊബൈല്‍ ടവറിന് മുകളില്‍ കയറി സിന്ധു ആത്മഹത്യാ ഭീഷണി മുഴക്കി.
ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പൊലീസ് ഇവരെ താഴെയിറക്കി പാവഗഡയിലെ അമ്മയുടെ വീട്ടിലേക്ക് അയച്ചു. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ച് സിന്ധു വീണ്ടും മദനായകനഹള്ളിയില്‍ എത്തി അതേ ടവറിന് മുകളില്‍ കയറി. ഒടുവില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥർ സാഹസികമായി ടവറിന് മുകളില്‍ കയറി യുവതിയെ സുരക്ഷിതമായി താഴെയിറക്കി. തുടർച്ചയായ അസ്വാഭാവിക പെരുമാറ്റം കണക്കിലെടുത്ത് വിദഗ്ധ പരിശോധനയ്ക്കായി പൊലീസ് ഇവരെ നിംഹാൻസിലേക്ക് മാറ്റുകയായിരുന്നു. ഒളിവില്‍ കഴിയുന്ന ഭർത്താവ് ഗണേഷിനായി തിരച്ചില്‍ തുടരുകയാണ്.
