Latestകേരളം

രഞ്ജി ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

രഞ്ജി ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം. ഇന്നിങ്‌സിനും 36 റണ്‍സിനുമാണ് കേരളം ഒഡീഷയെ തോല്പിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 179 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ഒഡീഷ രണ്ടാം ഇന്നിങ്‌സില്‍ 143 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയുടെ ഉജ്ജ്വല ബൗളിങ്ങാണ് രണ്ടാം ഇന്നിങ്‌സില്‍ ഒഡീഷ ബാറ്റിങ് നിരയെ തകര്‍ത്തത്.

ആദ്യ ഇന്നിങ്‌സില്‍ കേരളം 404 റണ്‍സും ഒഡീഷ 225 റണ്‍സുമാണ് നേടിയത്. മത്സരത്തില്‍ നിന്ന് കേരളത്തിന് ഏഴ് പോയിന്റ് ലഭിച്ചു.

കേരളം ആദ്യ ഇന്നിങ്‌സ്: 404, ഒഡീഷ ആദ്യ ഇന്നിങ്‌സ്: 225, ഒഡീഷ രണ്ടാം ഇന്നിങ്‌സ്: 143

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന നിലയില്‍ അവസാന ദിവസം കളിക്കാനിറങ്ങിയ ഒഡീഷയ്ക്ക് ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 77 റണ്‍സ് കൂടിയാണ് വേണ്ടിയിരുന്നത്. എന്നാല്‍ 42 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി. 10 റണ്‍സെടുത്ത നിനാദ് രഥ്വയാണ് ആദ്യം പുറത്തായത്. തൊട്ടുപിറകെ 14 റണ്‍സെടുത്ത സന്ദീപ് പട്‌നായിക്കും രണ്ട് റണ്‍സെടുത്ത രാജേഷ് ധൂപ്പറും പുറത്തായി. തുടര്‍ന്നെത്തിയവര്‍ കാര്യമായ ചെറുത്തുനില്‍പ്പുപോലുമില്ലാതെ കീഴടങ്ങിയതോടെ ഒഡീഷയുടെ ഇന്നിങ്‌സ് 143 റണ്‍സില്‍ അവസാനിച്ചു. ജലജ് സക്‌സേന അഞ്ച് വിക്കറ്റും ആദിത്യ സര്‍വാട്ടെ രണ്ട് വിക്കറ്റും വൈശാഖ് ചന്ദ്രന്‍ ഒരു വിക്കറ്റും വീഴ്ത്തി.