അവേശകരമായ വിധി, ഞങ്ങള്‍ പറഞ്ഞ ഓരോ കാര്യവും കോടതി അംഗീകരിച്ചു;M V ഗോവിന്ദൻ
തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസിലെ സുപ്രീം കോടതി വിധിയെ നിയമവാഴ്ച ഉയര്‍ത്തിപിടിക്കുന്ന ഉത്തരവായി കാണുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇത് പിണറായിക്കെതിരെ കെട്ടിച്ചമക്കാന്‍ ശ്രമിച്ച കേസാണ്. ഇത് രാഷ്ട്രീയമാണെന്ന് തങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. വളരെ ആവേശകരമായ വിധിയാണ് വന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമായിരുന്നു. എന്തുകൊണ്ട് അപ്പീല്‍ പോയില്ലെന്നും അദ്ദേഹം ചോദിച്ചു. എന്ത് അടിസ്ഥാനത്തില്‍ ആണ് ഉടന്‍ എഫ്‌ഐആറുമായി മുന്നോട്ട് പോയത്. തങ്ങള്‍ പറഞ്ഞ ഓരോ കാര്യങ്ങളും അംഗീകരിക്കുന്ന വിധി ആണ് സുപ്രീം കോടതിയില്‍ നിന്ന് വന്നത്. രാഷ്ട്രീയലക്ഷ്യം വെച്ചുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഇഡിക്ക് മുന്നില്‍ ഹാജരാകേണ്ട ആവശ്യമില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
