Latestകണ്ണൂര്‍

സിപിഎമ്മുമായുള്ള അകല്‍ച്ചയുടെ സൂചന നല്‍കി പി.പി. ദിവ്യയുടെ കുറിപ്പ്

കണ്ണൂർ.സിപിഎമ്മുമായുള്ള അകല്‍ച്ച പ്രകടമാക്കുന്ന ഫേസ്ബുക്ക് കുറിപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം.നേതാവുമായിരുന്ന പി.പി. ദിവ്യ. ‘ഒരിക്കല്‍ ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ല’ എന്ന് കുറിക്കുന്ന പോസ്റ്റില്‍ പാർട്ടിയുമായുള്ള അകല്‍ച്ചയുടെ സൂചനകളാണുള്ളത്. രാഷ്ട്രീയ ജീവിതത്തെക്കുറിച്ച്‌ എഴുതുന്ന തുടർ കുറിപ്പുകളുടെ മുന്നോടിയായാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് എന്നാണ് സൂചന.ഒരിക്കല്‍ ശരിയെന്നു തോന്നിയത് എക്കാലവും ശരിയാവണമെന്നില്ലെന്നും ഒരു കരയില്‍നിന്ന് മറുകരയില്‍ എത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നു നടക്കേണ്ടതില്ലെന്നും അവർ കുറിപ്പില്‍ പറയുന്നു.

അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല, ജീവിതം പഠിപ്പിച്ച പാഠമാണെന്നും ബുദ്ധന്റെ കഥ സൂചിപ്പിച്ചുകൊണ്ട് ദിവ്യ പറയുന്നു. നീതി വൈകും. പക്ഷെ സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ലെന്നും കുറിപ്പില്‍ പറയുന്നു.കണ്ണൂർ എ.ഡി.എം. ആയിരുന്ന കെ.

നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള പി.പി. ദിവ്യയുടെ രാജിയില്‍ കലാശിച്ചിരുന്നു. തുടർന്ന് പാർട്ടിയില്‍നിന്ന് അവരെ തരംതാഴ്ത്തുകയും ചെയ്തിരുന്നു. അടുത്തിടെ പൂർത്തിയായ സി.പി.എം കണ്ണൂർ വിശാല ജില്ലാ കമ്മിറ്റി യോഗത്തിലും ദിവ്യയ്ക്ക് പരിഗണനയൊന്നും ലഭിച്ചിരുന്നില്ല.ദിവ്യയുടെ കുറിപ്പിന്റെ പൂർണരൂപം:ഓരോ ജീവിതത്തിനും പറയാൻ ഒരു കഥയുണ്ട്…ഓരോ കഥയിലും തിരിച്ചറിയാൻ ഒരു സത്യവും.ജീവിതത്തിന്റെ ഏതോ വഴിത്തിരിവില്‍ കണ്ടുമുട്ടിയ മനുഷ്യർ… കടന്നുപോയ സാഹചര്യങ്ങള്‍… ഹൃദയത്തില്‍ മായാതെ കിടക്കുന്ന ചില ഓർമ്മകള്‍… കാലം മായ്ച്ചുകളയാത്ത ചില മുറിവുകള്‍… ഇതെല്ലാം മനസ്സില്‍ അവശേഷിപ്പിച്ച ചിന്തകളുണ്ട്.ചില അനുഭവങ്ങള്‍ ചിരിയുടെ പൂക്കാലം സമ്മാനിച്ചു.

ചിലത് കണ്ണീരിന്റെ നനവുള്ള ഓർമ്മകളായി മാറി. മറ്റു ചിലത് മനുഷ്യരെ തിരിച്ചറിയാനും ബന്ധങ്ങളുടെ ആഴം അളക്കാനും സത്യത്തിന്റെയും നീതിയുടെയും വില മനസ്സിലാക്കാനും പഠിപ്പിച്ചു.അങ്ങനെയിരിക്കെ, അടുത്തിടെ വായിച്ച ഒരു കഥ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. ബുദ്ധൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞതായി കേട്ടിട്ടുള്ള ഒരു കഥ…ഒരു മനുഷ്യൻ യാത്രയ്ക്കിടയില്‍ ആഴമേറിയ ഒരു നദിക്കരയിലെത്തി. മറുകരയിലെത്താൻ പാലമില്ല, വള്ളമില്ല, സഹായിക്കാൻ ആരുമില്ല.

ഒടുവില്‍ അവിടെക്കണ്ട മരത്തടികളും കമ്പുകളും ചേർത്ത് അയാള്‍ ഒരു ചങ്ങാടമുണ്ടാക്കി. പ്രതിബന്ധങ്ങളെ അതിജീവിച്ച്‌ സുരക്ഷിതമായി മറുകരയിലെത്തി.തന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച ആ ചങ്ങാടത്തോട് അയാള്‍ക്ക് വല്ലാത്ത നന്ദി തോന്നി. അതിനെ ഉപേക്ഷിക്കാൻ മനസ്സുവരാതെ, ഇനി എവിടെപ്പോയാലും ചങ്ങാടം കൂടെ കൊണ്ടുപോകാൻ അയാള്‍ തീരുമാനിച്ചു. അങ്ങനെ, യാത്ര സുഗമമാക്കിയ ആ ചങ്ങാടം തലയിലേറ്റി അയാള്‍ വീണ്ടും യാത്ര തുടർന്നു.കഥ പറഞ്ഞുതീർത്ത ബുദ്ധൻ ശിഷ്യന്മാരോട് ചോദിച്ചു:”അയാള്‍ ചെയ്യുന്നത് ശരിയാണോ?”ശിഷ്യന്മാർ ഒരേ സ്വരത്തില്‍ പറഞ്ഞു: “അല്ല.”ഒന്ന് ആലോചിച്ചുനോക്കൂ… നമ്മുടെ ജീവിതത്തിലും ഇങ്ങനെയുള്ള ചില ചങ്ങാടങ്ങളില്ലേ?ഒരിക്കല്‍ നമ്മെ ചേർത്തുപിടിച്ച ചില ബന്ധങ്ങള്‍ ഇന്ന് നമ്മെ വേദനിപ്പിക്കുന്നുണ്ടാകാം.

ഒരുകാലത്ത് തുണയായിരുന്ന ചില ശീലങ്ങള്‍ ഇന്ന് നമ്മുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാകുന്നുണ്ടാകാം. ഒരിക്കല്‍ നമുക്ക് ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ല.ചിലതിനോട് നാം നന്ദിയുള്ളവരായിരിക്കണം… ചിലതിനെ സ്നേഹത്തോടെ യാത്രയാക്കണം.നമ്മെ ഒരു കരയില്‍നിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല; മറിച്ച്‌, ജീവിതം നമ്മെ പഠിപ്പിച്ച പാഠത്തെ തിരിച്ചറിയലാണ്.ജീവിതത്തിലും അങ്ങനെതന്നെ… ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒരു പാഠം പഠിപ്പിക്കാനായിരിക്കാം. ചില അനുഭവങ്ങള്‍ നമ്മെ തകർക്കാനല്ല, കൂടുതല്‍ കരുത്തുള്ളവരാക്കാനായിരിക്കാം.

ചില വേർപിരിയലുകള്‍ നഷ്ടങ്ങളല്ല; പുതിയ വഴികളിലേക്കുള്ള തുടക്കങ്ങളായിരിക്കാം.എല്ലാറ്റിനെയും മുറുകെപ്പിടിക്കുന്നതല്ല ജീവിതം; വിട്ടുപോകേണ്ടതിനെ തിരിച്ചറിയാനുള്ള വിവേകം കൂടിയാണ് ജീവിതം.പ്രിയ സുഹൃത്തുക്കളേ,ഇവിടെ ഞാൻ പങ്കുവയ്ക്കുന്നത് വെറും സങ്കല്‍പ്പകഥകളല്ല. ജീവിതയാത്രയില്‍ കണ്ടുമുട്ടിയ മനുഷ്യരും അനുഭവിച്ച സാഹചര്യങ്ങളും മനസ്സില്‍ അവശേഷിപ്പിച്ച ചിന്തകളും ചോദ്യങ്ങളുമാണ്. ചില കഥകളില്‍ നിങ്ങള്‍ക്ക് പരിചിതമായ മുഖങ്ങള്‍ തെളിഞ്ഞേക്കാം. ചില അനുഭവങ്ങളില്‍ നിങ്ങളുടെ തന്നെ ജീവിതത്തിന്റെ നിഴലുകള്‍ കണ്ടേക്കാം.ഓർമ്മകളുടെ വഴികളിലൂടെ… മനുഷ്യബന്ധങ്ങളുടെ ഉള്ളറകളിലൂടെ… സത്യത്തിന്റെയും നീതിയുടെയും അർത്ഥങ്ങള്‍ തേടി ഒരു യാത്ര.കാരണം, ഓരോ കഥയ്ക്കു പിന്നിലും ഒരു ജീവിതമുണ്ട്… ഓരോ ജീവിതത്തിനുള്ളിലും പറയാതെപോയ ഒരു സത്യവും