Latestകേരളം

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം; രണ്ട് പ്രതികളുടെ കൂടി അപ്പീൽ തളളി ഹൈക്കോടതി

dot image

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുളള രണ്ട് പ്രതികളുടെ ആവശ്യം കൂടി ഹൈക്കോടതി തളളി. അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരുടെ അപേക്ഷയാണ് കോടതി തളളിയത്. രണ്ട് പ്രതികളും കുറ്റകൃത്യത്തില്‍ സജീവമായി പങ്കെടുത്തവരാണ് എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. യുവ നടിക്കെതിരായ ലൈംഗിക അതിക്രമവും ദൃശ്യങ്ങള്‍ പകര്‍ത്തിയതും സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതും ക്രൂരവുമായ കുറ്റകൃത്യമാണെന്നും കുറ്റകൃത്യത്തിന്റെ ഗൗരവവും നടപ്പാക്കിയ രീതിയും കണക്കിലെടുക്കുമ്പോള്‍ ശിക്ഷ മരവിപ്പിക്കാന്‍ മതിയായതും അസാധാരണവുമായ കാരണങ്ങളില്ല എന്നുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.

നേരത്തെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ആവശ്യവും ഹൈക്കോടതി തളളിയിരുന്നു. 20 വര്‍ഷത്തെ കഠിനതടവ് വിധിച്ച വിചാരണക്കോടതി വിധിയില്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധത കണ്ടെത്താന്‍ സാധിച്ചില്ലെന്നും പൊതുജനതാല്‍പര്യവും സമൂഹത്തിലുണ്ടാക്കുന്ന ആഘാതവും പരിഗണിക്കുമ്പോള്‍ ശിക്ഷ മരവിപ്പിക്കാന്‍ തക്കതായ യാതൊരു അസാധാരണ സാഹചര്യവും പ്രതിക്ക് ബോധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കോടതി പള്‍സര്‍ സുനിയുടെ ആവശ്യം തള്ളിയത്