Latestകേരളം

കേരള സര്‍വകലാശാല ചോദ്യപേപ്പര്‍ പിഴവ്; റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടിയെന്ന് വിസി

തിരുവനന്തപുരം: കേരള സര്‍വകലാശാല ചോദ്യപേപ്പറില്‍ വീണ്ടും പിഴവ് കണ്ടെത്തിയ സംഭവത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കാര്യവട്ടം ക്യാമ്പസിലെ ഹിസ്റ്ററി വിഭാഗം ഡീന്‍ എന്ന് വിവരം. വകുപ്പ് മേധാവിക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ വൈസ് ചാന്‍സലർ ഡോ മോഹനന്‍ കുന്നുമ്മലിന് ഇന്ന് റിപ്പോര്‍ട്ട് ലഭിക്കും.

റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി ഉണ്ടാകുമെന്നാണ് വൈസ് ചാന്‍സലര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന നാലാം സെമസ്റ്റര്‍ എം എ ഹിസ്റ്ററി ചോദ്യ പേപ്പറിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. എം എ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇന്‍ ഇന്ത്യ എന്ന വിഷയത്തിലെ രണ്ട് ചോദ്യപേപ്പറിലാണ് പിഴവ് കണ്ടെത്തിയത്. കാര്യവട്ടം ക്യാമ്പസില്‍ കഴിഞ്ഞ ദിവസമാണ് പരീക്ഷ നടന്നത്.

മൂന്ന് ചോദ്യങ്ങള്‍ മാറ്റമില്ലാതെ രണ്ട് വിഭാഗങ്ങളിലായി വീണ്ടും ചോദിച്ചു എന്നായിരുന്നു കണ്ടെത്തല്‍. നാല് ചോദ്യങ്ങള്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണ് ഉള്ളതെന്നും കണ്ടെത്തിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതെന്നായിരുന്നു ഉയര്‍ന്ന ആരോപണം.

എന്നാല്‍ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ വിശദീകരിച്ചിരുന്നു. കേരള സര്‍വകലാശാലയിലെ ചോദ്യപേപ്പറുകളില്‍ തുടര്‍ച്ചയായി പിഴവുകള്‍ കണ്ടെത്തുന്നത് വലിയ ബുദ്ധിമുട്ടാണ് വിദ്യാര്‍ത്ഥികള്‍ക്കുണ്ടാക്കുന്നത്. പരീക്ഷാ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നതില്‍ കൃത്യമായ പരിശോധന നടക്കുന്നില്ലെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പരാതി.