കനത്ത മഴ; ആറ് ഡാമുകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ നിരവധി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. ഇതോടെ മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത്, കുറ്റ്യാടി എന്നീ ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പാംബ്ല, കല്ലാർ ഡാമുകൾ നിലവിൽ തുറന്നിരിക്കുകയാണ്. മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ അതിതീവ്ര മഴ തുടരുന്നതിനാൽ ഷട്ടറുകൾ ഏത് സമയത്തും തുറക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതോടെ കക്കാട്ടാറിലും പമ്പാനദിയിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
റാന്നി, കോഴഞ്ചേരി, ആറന്മുള, അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. കക്കയം ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ കാൽ അടി വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും പുഴയിൽ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മോശം കാലാവസ്ഥയെ തുടർന്ന് നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനം താൽക്കാലികമായി നിരോധിച്ചു. കട്ടപ്പന–കുമളി സംസ്ഥാന പാതയിലും വണ്ണപ്പുറം–ചേലച്ചുവട് റോഡിലും ഭാഗിക ഗതാഗത നിയന്ത്രണമുണ്ട്. നേര്യമംഗലം–അടിമാലി പാതയിൽ രാത്രികാല യാത്രാ നിരോധനവും തുടരുകയാണ്.
