Latestകേരളം

കുടുംബശ്രീ ഓണം വിപണന മേള ഓഗസ്റ്റ് 20 മുതൽ

തിരുവനന്തപുരം : കുടുംബശ്രീയുടെ ഓണം വിപണന മേള ഈ മാസം 20 മുതൽ 25 വരെ സംസ്ഥാനത്താകെ സംഘടിപ്പിക്കും. ആലപ്പുഴ ജില്ലയിലാണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുക.

സംസ്ഥാനത്തെ വിവിധ ജില്ലകളിലും സി.ഡി.എസ്. തലത്തിലുമായി 2,000-ത്തിലധികം വിപണന കേന്ദ്രങ്ങളാണ് മേളയ്ക്കായി ഒരുക്കുന്നത്. അമ്പതിനായിരത്തോളം കുടുംബശ്രീ സംരംഭകർ ഇത്തവണത്തെ മേളയുടെ ഭാഗമാകും.

കാർഷിക സൂക്ഷ്മ സംരംഭകരുടെ ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, അട്ടപ്പാടിയിലെ ചെറുധാന്യങ്ങൾ, കുടുംബശ്രീ ഓണക്കിറ്റുകൾ, ഓണസദ്യ എന്നിവ മേളയിൽ ലഭ്യമാകും. കഴിഞ്ഞ വർഷത്തെ 50.8 കോടി രൂപയുടെ വിറ്റുവരവ് മറികടക്കുകയാണ് ഇത്തവണ ലക്ഷ്യമിടുന്നത്.

പോക്കറ്റ്മാർട്ട് ആപ്പ് വഴിയും ഉൽപ്പന്നങ്ങൾ വീടുകളിലെത്തിക്കുന്ന സൗകര്യമുണ്ടാകും. പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കും മേളകൾ സംഘടിപ്പിക്കുക.