കെഎസ്ആർടിസി, എളുപ്പത്തിൽ ടിക്കറ്റ് ബുക്കിംഗ്; വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ നിലവിൽ വരും
കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന എഐ പവേർഡ് വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ (ഓഗസ്റ്റ് ആറ്) നിലവിൽ വരും. കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളിലെ പുതിയ ചുവടുവയ്പ്പാണിത്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നാളെ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി പി ജോൺ പദ്ധതി ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനച്ചടങ്ങിൽ, മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കും കെഎസ്ആർടിസി യൂണിറ്റുകൾക്കുമുള്ള സംസ്ഥാനതല അവാർഡുകളും മന്ത്രി വിതരണം ചെയ്യും. കൂടാതെ കെഎസ്ആർടിസിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ ടോൾ ഫ്രീ സേവനമായ 149ന്റെയും നവീകരിച്ച കൊറിയർ സംവിധാനത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ആരോഗ്യ ദേവസ്വം മന്ത്രി കെ മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഗതാഗത സെക്രട്ടറി ടി വി അനുപമ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിക്കും.
