ഓണാവധി: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഉത്തരവായി. കർണാടക ഗതാഗത മന്ത്രി ബി.എസ്. ബൈരതി സുരേഷാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എം.പി നൽകിയ നിർദ്ദേശം പരിഗണിച്ചാണ് ഈ തീരുമാനം.
ട്രെയിനുകളിൽ ടിക്കറ്റ് ലഭ്യമല്ലാത്തതും സ്വകാര്യ ബസുകളുടെ അമിത നിര ഈടാക്കുന്നതും യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാകുന്നത് തിരിച്ചറിഞ്ഞാണ് എം.പിയുടെ ഇടപെടൽ. ആദ്യം പ്രഖ്യാപിച്ചിരുന്നത് 60 ബസുകളായിരുന്നു.ബംഗളൂരുവിൽ നിന്ന് കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കാസർകോട് എന്നീ പ്രധാന ജില്ലകളിലേക്കാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഓണം ആഘോഷിക്കാനായി നാട്ടിലേക്ക് പോകുന്നവർക്കായി ഈ മാസം 21 മുതൽ 25 വരെയാണ് കർണാടകയിൽ നിന്നുള്ള കേരളത്തിലേക്കുള്ള സർവീസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. തുടർന്ന്, ഇവിടങ്ങളിൽ നിന്ന് കർണാടകയിലേക്ക് തിരികെ പോകേണ്ടവർക്കായി 27 മുതൽ 30 വരെയുള്ള ദിവസങ്ങളിലും മടക്ക സർവീസുകളും ലഭ്യമാക്കിയിട്ടുണ്ട്
