റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ സ്വകാര്യബസിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു
മലപ്പുറം : റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ സ്വകാര്യബസിടിച്ചുണ്ടായ അപകടത്തില്‍ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ മരിച്ചു.എടപ്പാള്‍ ടൗണില്‍ തൃശ്ശൂർ റോഡില്‍ മേല്‍പ്പാലം തുടങ്ങുന്നിടത്ത് വ്യാഴാഴ്ച രാവിലെ 8.30-ഓടെയായിരുന്നു അപകടം . തമിഴ്നാട് പുതുച്ചേരി കട്ടപ്പിലൈ മരിക്കാർ തോട്ടം തിരുമലൈരായൻപട്ടണം മാരിയപ്പൻ (53), ഒപ്പമുണ്ടായിരുന്ന മുരുകേശൻ (60) എന്നിവരാണ് മരിച്ചത്.
കോഴിക്കോട്ടുനിന്ന് ഗുരുവായൂരേക്ക് പോകുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് മേല്‍പ്പാലം ഇറങ്ങി ബസ്‌സ്റ്റോപ്പിലേക്ക് വരുന്നതിനിടെയാണ് പാലത്തിന് മുൻപിലുണ്ടായിരുന്ന ഓട്ടോറിക്ഷയിലിടിച്ചത്. തുടർന്ന് റോഡ് മുറിച്ചുകടക്കുകയായിരുന്ന തമിഴ്നാട് സ്വദേശികളെ ഇടിച്ചുതെറിപ്പിച്ച് മാരിയപ്പന്റെ ശരീരത്തിലൂടെ കയറിയിറങ്ങി റോഡരികിലെ ബൈക്കിലും ഇടിച്ച് 50 മീറ്ററോളം ദൂരം പോയശേഷമാണ് ബസ് നിന്നത്. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ എടപ്പാള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മാരിയപ്പൻ മരിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ മുരുകേശനെ വിദഗ്ദചികിത്സയ്ക്കായി തൃശ്ശൂരിലെ ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന വിജില്‍ (37), ബൈക്ക് യാത്രികൻ ദിനേശൻ (63) എന്നിവർക്കാണ് പരിക്കേറ്റത്.
