വാളയാറില്‍ ട്രെയിൻ തട്ടി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു
പാലക്കാട്.വാളയാറിലെ ചാവടിപ്പാറ പുതുപ്പതിയില്‍ മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് തീവണ്ടിയിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു.വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് അപകടം ഉണ്ടായത്.
അപകടത്തെ തുടർന്ന് ആ റൂട്ടിലെ തീവണ്ടി ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കേരള-തമിഴ്നാട് അതിർത്തിയില്‍ തമിഴ്നാട് ഭാഗത്താണ് അപകടം സംഭവിച്ചത്.
തീവണ്ടിയുടെ എൻജിനടിയിലാണ് രണ്ട് ആനകളും കുടുങ്ങിക്കിടക്കുന്നത് എന്നാണ് സ്ഥലത്തെത്തിയവർ നല്കുന്ന വിവരം. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എൻജിനടിയില്‍ കുടുങ്ങിക്കിടക്കുന്ന ആനകളെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇത് ഗതാഗത പുനഃസ്ഥാപനം വൈകുന്നതിന് കാരണമായി.
സംഭവമറിഞ്ഞയുടൻ വാളയാർ പോലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി. ആനകളുടെ മൃതദേഹം നീക്കം ചെയ്ത് തീവണ്ടി ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ ഇവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.പാലക്കാട് വാളയാർ മേഖല കാട്ടാനകളുടെ സാന്നിധ്യമുള്ള പ്രദേശമാണ്.
