തെളിവെടുപ്പ് പൂര്‍ത്തിയായി; അര്‍ജുന്‍ ആയങ്കിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും
കണ്ണൂര്‍ : സൈബര്‍ പൊലീസ് കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി വെള്ളിയാഴ്ച വരെ ഉണ്ടെങ്കിലും തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുന്നത്. അതേസമയം, ചോദ്യം ചെയ്യല്‍ ഇന്ന് ഉച്ചവരെ തുടരും.
ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കേസിലാണ് ആയങ്കിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കേസുമായി ബന്ധപ്പെട്ട് കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു.
അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. കണ്ണൂര്‍ സൈബര്‍ പൊലീസ് എസ്.എച്ച്.ഒ എ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
