സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ
പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ. സുരക്ഷാ മുൻകരുതലുകളുടെയും ആഗോള തലത്തിലുള്ള സ്ഥിതിഗതി വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ഇൻഡിഗോ വ്യക്തമാക്കി.
പുതുക്കിയ ഉത്തരവ് പ്രകാരം റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഈ മാസം 31 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. കൂടാതെ ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കും അവിടെ നിന്നുമുള്ള സർവീസുകൾ ഈ മാസം 27 വരെയും നിർത്തിവെച്ചിട്ടുണ്ട്. സൗദിയിലെ പ്രധാന വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ഹൂതികൾ നടത്തുന്ന നിരന്തര ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി.
വിമാനങ്ങൾ റദ്ദാക്കിയ വിവരം യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് നൽകിയിട്ടുള്ള ഫോൺ നമ്പറുകളിലേക്ക് നേരിട്ട് അറിയിക്കുമെന്ന് കമ്പനി അറിയിച്ചു. അതിനാൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇൻഡിഗോയുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴിയോ കസ്റ്റമർ കെയർ വഴിയോ ഉറപ്പുവരുത്തണമെന്ന് യാത്രക്കാരോട് അധികൃതർ അഭ്യർത്ഥിച്ചു.
