Latestകേരളം

‘ഉപ്പുതിന്നവർ വെള്ളം കുടിക്കും’;ജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് P P ദിവ്യ

തിരുവനന്തപുരം: തനിക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പി പി ദിവ്യ. വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും സത്യങ്ങൾ പുറത്തുവരട്ടെയെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ഏത് അന്വേഷണത്തോടും പൂര്‍ണമായി സഹകരിക്കും. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കുമെന്നും പി പി ദിവ്യ കൂട്ടിച്ചേർത്തു.

തനിക്ക് ഒന്നും ഒളിക്കാനില്ല, ആരെയും ഭയക്കാനുമില്ല. തന്റെ പേരിലോ ഭര്‍ത്താവിന്റെ പേരിലോ ബിനാമിയായോ മറ്റാരുടെയെങ്കിലും പേരിലോ അനധികൃത സ്വത്തുക്കളുണ്ടെങ്കില്‍ കണ്ടെത്തട്ടെ. അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാല്‍ മുഹമ്മദ് ഷമ്മാസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാന്‍ പോലും 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഉപ്പ് തിന്നവർ വെള്ളം കുടിക്കും… ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും! കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിൽ പ്രഖ്യാപിച്ച വിജിലൻസ് പ്രാഥമിക അന്വേഷണത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. അന്വേഷണം നടക്കട്ടെ. സത്യങ്ങൾ പുറത്തുവരട്ടെ. ഏത് അന്വേഷണത്തോടും പൂർണമായി സഹകരിക്കും. എനിക്ക് ഒന്നും ഒളിക്കാനില്ല. ആരെയും ഭയക്കാനുമില്ല.

എന്റെ പേരിലോ ഭർത്താവിന്റെ പേരിലോ ബിനാമിയായോ മറ്റാരുടെയെങ്കിലും പേരിലോ അനധികൃത സ്വത്തുക്കളുണ്ടെങ്കിൽ കണ്ടെത്തട്ടെ. അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാൽ മുഹമ്മദ് ഷമ്മാസിന്റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകാൻ പോലും ഞാൻ തയ്യാറാണ്. അത്രത്തോളം ആത്മവിശ്വാസമുണ്ട് എനിക്ക്.

എന്റെ ഭർത്താവിന്റെ പേരിലുള്ളത് അഞ്ച് സെന്റ് സ്ഥലവും 1236 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വീടുമാണ്. കൂടാതെ അഞ്ച് ലക്ഷം രൂപ പോലും വില ലഭിക്കാത്ത 50 സെന്റ് ഭൂമി ബാങ്ക് വായ്പയെടുത്താണ് വാങ്ങിയത്. വീട്ടിൽ ഒരു ഇരുചക്രവാഹനവും ഒരു കാറുമുണ്ട്. ഇതല്ലാതെ അനധികൃത സമ്പാദ്യങ്ങളൊന്നും ഞങ്ങൾക്കില്ല.

ഇതൊന്നും മറച്ചുവെച്ചുള്ള പ്രസ്താവനയല്ല. നേരത്തേയും ഒരു അന്വേഷണം നടന്നതാണ്. ഇപ്പോൾ വിജിലൻസ് വീണ്ടും വരുന്നു. വരട്ടെ, സന്തോഷം! സത്യസന്ധതയുണ്ടെങ്കിൽ അന്വേഷണത്തെ ഭയക്കേണ്ട കാര്യമില്ലല്ലോ. ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളെല്ലാം ഇ-ടെൻഡർ സംവിധാനത്തിലൂടെ സുതാര്യമായാണ് നടപ്പാക്കിയിട്ടുള്ളത്. 25 കോടിയുടെ അഴിമതിയെന്നൊക്കെയുള്ള ആരോപണങ്ങൾ കേട്ടപ്പോൾ ബോധം പോയില്ലെന്നേയുള്ളൂ! കണക്കുകളില്ലാത്ത ആരോപണങ്ങൾ എത്ര തവണ ആവർത്തിച്ചാലും അവ സത്യമാകില്ല. എന്നാലും അന്വേഷണം നടക്കട്ടെ. ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് അന്വേഷണവും തെളിവുകളുമാണ്.

അന്വേഷണം പേടിച്ച് നാടുവിടാനോ അന്വേഷണം നിർത്തിവെക്കാൻ ഇടപെടാനോ ഉദ്ദേശിക്കുന്നില്ല. ഭയന്ന് വിറച്ച് മാളത്തിലൊളിക്കാനും തയ്യാറല്ല. രണ്ടു വർഷത്തിലേറെയായി തുടരുന്ന മാധ്യമവിചാരണയ്ക്കും അപവാദപ്രചാരണങ്ങൾക്കും ഇനി ഒരറുതി വേണം. എനിക്കും എന്റെ കുടുംബത്തിനും അന്തസ്സോടെ, സമാധാനത്തോടെ ജീവിക്കണം. രാഷ്ട്രീയവിയോജിപ്പുകളുടെ പേരിൽ ഒരു കുടുംബത്തെ നിരന്തരം വേട്ടയാടുന്നത് എത്രത്തോളം നീതിയുക്തമാണ്?

എന്നെ തകർക്കാമെന്ന് കരുതുന്നവരോട് ഒന്നേ പറയാനുള്ളൂ: ആരോപണങ്ങൾക്കും അപവാദങ്ങൾക്കും മുന്നിൽ തലകുനിക്കില്ല. സത്യം തെളിയിക്കാനുള്ള അവസരമായി ഓരോ അന്വേഷണത്തെയും കാണും. ഞാൻ ഇവിടെയൊക്കെത്തന്നെയുണ്ടാകും. എവിടേക്കും ഒളിച്ചോടില്ല. അന്വേഷണത്തെ നേരിടും. നിയമത്തിൽ വിശ്വസിക്കും. കാണാം… കാത്തിരിക്കാം!