Latestകേരളം

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍. അഡ്വക്കേറ്റ് സന്തോഷ് കുമാറിനെയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ചാണ് മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ മരിച്ചത്.

കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് കെ എം ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം കോടതിയിലാണ് വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. ഒന്നാം പ്രതിയായ ശ്രീറാമിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ളയാണ് ഹാജരാകുന്നത്.

സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ബഷീറിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിരുന്നു. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. കാറില്‍ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസുമാണ് ഉണ്ടായിരുന്നത്