എയര്‍ ഇന്ത്യ വിമാനം 300 അടി താഴ്ച്ചയിലേക്ക് പതിച്ചത് സാങ്കേതിക തകരാര്‍ മൂലം
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. 300 അടി ഉയരത്തില്‍ നിന്നാണ് വേഗം നഷ്ടപ്പെട്ട് താഴ്ച്ചയിലേക്ക് പതിച്ചത്. വിമാനത്തിന്റെ കോക്പിറ്റില്‍ പ്രിന്റ് ചെയ്ത മെയിന്റനന്‍സ് റിപ്പോര്‍ട്ട് പ്രകാരം, വിമാനത്തില്‍ നിരവധി ഹൈഡ്രോളിക് തകരാറുകള്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തല്‍. ഓഗസ്റ്റ് 4നാണ് വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്.
തുടക്കത്തില്‍ വിമാനം ആകാശച്ചുഴിയില്‍ പെട്ടുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നതെങ്കിലും പിന്നീട് വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാണ് സംഭവത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ ആര്‍ക്കും ഗുരുതര പരിക്കുകളില്ലെന്നും ചെറിയ പരിക്കേറ്റ ഏതാനും യാത്രക്കാരെയും ജീവനക്കാരെയും മുന്‍കരുതല്‍ പരിശോധനയ്ക്കായി വിമാനത്താവളത്തിലെ മെഡിക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
