നീലേശ്വരത്ത് പുഴയിൽ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
നീലേശ്വരം: പുഴയിൽ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം തിരച്ചിലിനൊടുവിൽ കണ്ടെത്തി. നീലേശ്വരം കണിച്ചിറയിലെ ഓട്ടോറിക്ഷ ഡ്രൈവർ അജീവന്റെ ഭാര്യ നദിയ (48) ആണ് മരിച്ചത്. കടിഞ്ഞുമൂല പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ വീടിനടുത്തുള്ള പുഴക്കടവിൽ പാത്രം കഴുകുന്നതിനിടെയാണ് നദിയ അബദ്ധത്തിൽ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരുടെ മൊബൈൽ ഫോൺ പുഴയിൽനിന്ന് കണ്ടെത്തിയെങ്കിലും നദിയയെ കണ്ടെത്താനായിരുന്നില്ല.
നീലേശ്വരം പൊലീസും അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീമും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ ശക്തമാക്കി. പകൽ 11 മണിയോടെയാണ് കടിഞ്ഞുമൂല പാലത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
