Latestദേശീയം

ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്‍റിനെ ക്ഷണിച്ച് മോദി

ബിഷ്കെക്ക്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി കൂടിക്കാഴ്ച നടത്തി. ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടി (എസ് സി ഒ) യുടെ ഇടവേളയിലാണ് ഇരുനേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തിയത്.

പശ്ചിമേഷ്യൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയും ചർച്ചയിൽ പങ്കെടുത്തു. മേഖലയിലെ നിലവിലെ സാഹചര്യം വിശദമായി ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്ത മോദി, പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര മാർഗ്ഗങ്ങളിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു. സാധാരണക്കാർക്കും ചരക്ക് കപ്പലുകൾക്കും നേരെ ആക്രമണം ഉണ്ടാകരുതെന്നും സമുദ്ര ഗതാഗത സ്വാതന്ത്ര്യവും വ്യാപാരവും സുരക്ഷിതമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനുമായുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തമായി തുടരുമെന്നും വിവിധ മേഖലകളിലേക്ക് വ്യാപാരം വിപുലീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എസ് സി ഒ, ബ്രിക്സ് തുടങ്ങിയ ബഹുരാഷ്ട്ര കൂട്ടായ്മകളിൽ ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണ്. വൈകാതെ ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ സ്വാഗതം ചെയ്തതായും മോദി കൂട്ടിച്ചേർത്തു.