Latestകേരളം

അമേരിക്കയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളി യുവതി അറസ്റ്റില്‍

കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ മറ്റൊരു മലയാളി യുവതിയാണ് കൊലപാതകം നടത്തിയത്. ഇവരിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

തൃശ്ശൂര്‍ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടില്‍ ഹരിദാസിന്റെയും സുഷമയുടെ മകള്‍ അഞ്ജന(35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മേരി മാത്യു(40) എന്നിവരാണ് കൊല്ലപ്പെട്ടത്. യുവതികളുടെ സുഹൃത്തായ അനിലയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

ഒരേ ഫ്‌ളാറ്റിലാണ് മൂവരുടെ കുടുംബം കഴിഞ്ഞിരുന്നത്. ആനിനെ ഫ്‌ളാറ്റിലെ മുറിയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്‌ളാറ്റിന് താഴെ വിളിച്ചുവരുത്തി കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അഞ്ജനയെ കൊലപ്പെടുത്തിയ ശേഷം കാര്‍ നിര്‍ത്താതെ പോയി. ആനിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെയിരുന്നതോടെ ഭര്‍ത്താവ് ഫ്‌ളാറ്റിലെത്തിയപ്പോഴാണ് കുത്തേറ്റ മരിച്ച നിലയില്‍ കണ്ടതെന്നാണ് വിവരം.

ജോലിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആനിന് അനിലയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് കുടുബത്തിന് ലഭിച്ച വിവരമെന്ന് കുടുംബ സുഹൃത്തായ ജെറി സാം ജോസഫ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അഞ്ജനയുടെ കുടുംബത്തിന് ഇതുവരെയും കൊലയ്ക്ക് പിന്നിലെ കാരണമെന്താണെന്ന വിവരം ലഭിച്ചിട്ടില്ല. അമേരിക്കന്‍ സമയം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. അഞ്ജനയുടെ കുടുംബം ശനിയാഴ്ചയാണ് വിവരം അറിഞ്ഞത്.

കോട്ടയം ചിങ്ങവനം സ്വദേശി പള്ളത്ര ജേക്കബിന്റെ ഭാര്യയാണ് ആന്‍. ജേക്കബും യുഎസില്‍ തന്നെയാണ്. എന്‍ജിനീയറായ ആന്‍ കഴിഞ്ഞ പത്തുവര്‍ഷമായി യുഎസിലാണ് താമസിക്കുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. വിലങ്ങൂര്‍ സ്വദേശി വിജീഷാണ് അഞ്ജനയുടെ ഭര്‍ത്താവ്. അദ്ദേഹവും യുഎസിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി യുഎസില്‍ താമസിക്കുന്ന അഞ്ജന കാലിഫോര്‍ണിയയില്‍ സ്‌കൂള്‍ അധ്യാപികയായിരുന്നു. ഇവര്‍ക്ക് ആറു വയസുള്ള മകളുണ്ട്.