Latestകേരളം

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കോവളം കഴക്കൂട്ടം കാരോട് ദേശീയപാതയില്‍ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരൻ മരിച്ചു.നേമം പ്രാവച്ചമ്പലം കുളക്കുടിയൂർ വ്യാസവിദ്യാലയത്തിന് സമീപം മരുതറത്തല വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സജുമോന്റെയും സുധീനയുടെയും മകൻ മുഹമ്മദ് അജാസ്(19) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് 4.15- ഓടെ വാഴമുട്ടം തുപ്പനത്ത് കാവിന് എതിരെയുളള രണ്ടുവരി പാതയിലാണ്് അപകടം. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ നിന്ന് കോവളം ബീച്ചിലേക്ക് വരുകയായിരുന്ന ബസ് തുപ്പനത്ത് കാവിന് എതിരെയുളള ബസ് സ്റ്റോപ്പില്‍ ആളിറങ്ങുന്നതിന് നിർത്തിയിട്ടിരിക്കുകയായിരുന്നു.

ഈ സമയത്ത് വാഴമുട്ടത്ത് നിന്ന് കോവളം ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് ബസിന്റെ പിന്നിലിടിച്ച്‌ നിയന്ത്രണം തെറ്റി മറിഞ്ഞ് ബസിനടിയില്‍പ്പെട്ടാണ് അപകടമെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും പോലീസ് പറഞ്ഞു.