Latestകേരളം

സംസ്ഥാനത്തെ മദ്യനയം അടിമുടി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയം അടിമുടി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍. ബാര്‍ ലൈസന്‍സുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും എന്നാണ് വിവരം. ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കുന്നതും പരിഗണനയില്‍ ഉണ്ട്. ബാര്‍ പ്രവര്‍ത്തന സമയം കുറയ്ക്കാനും ബാറുകളില്‍ പരിശോധനകള്‍ ശക്തമാക്കാനും നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിവാദങ്ങള്‍ക്കിടെ മദ്യനയത്തിന്റെ ഭാഗമായി ഹോര്‍ട്ടി വൈന്‍ വില്‍പ്പനയ്ക്ക് പ്രത്യേക പാര്‍ലറുകള്‍ തുടങ്ങിയേക്കും. സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പാര്‍ലറുകള്‍ തുടങ്ങാനാണ് ആലോചന. വീര്യം കുറഞ്ഞ മദ്യത്തിന് വില്‍പന അവകാശം നല്‍കുന്നതിലും തീരുമാനം ഉണ്ടാകും. കരട് മദ്യനയം നവംബര്‍ ആദ്യവാരം മുഖ്യമന്ത്രിക്ക് കൈമാറാനാണ് നീക്കം. മദ്യനയത്തിന്റെ കരട് യുഡിഎഫ് ചര്‍ച്ച ചെയ്തതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക.

പത്ത് വര്‍ഷത്തിന് ശേഷം അധികാരത്തില്‍ എത്തുമ്പോള്‍ മദ്യ നയത്തില്‍ സമൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കുക എന്നത് എക്‌സൈസ് മന്ത്രി എം ലിജുവിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. യുഡിഎഫിന്റെ മദ്യ നയം എല്ലാ കാലത്തും വിവാദത്തിലായിട്ടുണ്ട് എന്നതും ഇതിന് കാരണമാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് സര്‍ക്കാരിനെ പിടിച്ചുലച്ച വിവാദം മദ്യ നയവുമായി ബന്ധപ്പെട്ടായിരുന്നു. അതിനാല്‍ ജാഗ്രതയോടെയാണ് പുതിയ മദ്യനയത്തിന്റെ കരട് തയ്യാറാക്കിയത്. ബാര്‍ സമയം പകല്‍ 11 മണി മുതല്‍ രാത്രി 11 മണി വരെ ആക്കാനാണ് തീരുമാനം. തൊഴിലാളി സംഘടനകളുടെ കൂടി ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. ബെവ്‌കോയിലേയും കണ്‍സ്യൂമര്‍ ഫെഡിലേയും തൊഴിലാളികളും സമാന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.