Latestകേരളം

മീനങ്ങാടി സ്‌കൂള്‍ വിനോദയാത്ര വിവാദം: പ്രിന്‍സിപ്പല്‍ മദ്യപിച്ചിട്ടില്ല, രക്തപരിശോധന ഫലം നെഗറ്റീവ്

കല്‍പ്പറ്റ: വയനാട് മീനങ്ങാടി സ്‌കൂള്‍ വിനോദയാത്ര വിവാദത്തില്‍ വഴിത്തിരിവ്. വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പല്‍ മദ്യപിച്ചെന്ന പരാതിയില്‍ നടത്തിയ രക്തപരിശോധനാഫലം നെഗറ്റീവ്. പ്രിന്‍സിപ്പല്‍ ഷിബി കൃഷ്ണന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 135 വിദ്യാര്‍ഥികള്‍ ഹൈദരാബാദിലേക്ക് വിനോദയാത്ര പോയത്. യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണമുണ്ടായത്.

അതേസമയം, പ്രിന്‍സിപ്പലിനെതിരെ തങ്ങള്‍ മദ്യപിച്ചെന്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയതും സംഭവത്തില്‍ നിര്‍ണായകമായി. വിനോദയാത്രയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ സംഘം വെള്ളിയാഴ്ച നടത്തിയ വിശദീകരണത്തിലാണ് പ്രിന്‍സിപ്പലിനെതിരെ തങ്ങള്‍ ആരോപണമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.