അഭിറാം കൊലക്കേസ്; ഒരാൾ കൂടി കസ്റ്റഡിയിൽ
തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17 കാരൻ അഭിറാം കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ എടുത്തു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കൃത്യത്തിൽ ഇയാൾക്കും നേരിട്ട് പങ്കുണ്ടെന്നാണ് സംശയം. കൊലപാതകം നടന്ന സമയത്ത് ഉമറും ഉണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പരുത്തിപ്പാറ എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർഥി അഭിറാമിനെയല്ല കൊലപ്പെടുത്താൻ ഉദ്ദേശിച്ചതെന്നും, മറ്റൊരു കുട്ടിയെ അഭിറാം വഴി വിളിച്ചുവരുത്താനാണ് ശ്രമിച്ചതെന്നും കേസിലെ പ്രധാന പ്രതിയായ 17 കാരൻ തെളിവെടുപ്പിനിടെ വെളിപ്പെടുത്തിയിരുന്നു. അഭിറാമുമായി വാക്കു തർക്കം ഉണ്ടാവുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രതിയായ 17 കാരൻ്റെ നിർണായക വെളിപ്പെടുത്തൽ. നിലവിൽ മൂന്നു പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൊല്ലപ്പെട്ട അഭിറാമിന്റെ സുഹൃത്തായ 17 കാരൻ ആണ് കേസിലെ പ്രധാന പ്രതി. പ്രതിയെ ഇന്നലെ തന്നെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി .
