Latestകേരളം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിജീവിച്ച ശ്രുതി വിവാഹിതയായി

കല്‍പ്പറ്റ: വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും ഉടയവരെ നഷ്ടമായ ശ്രുതി സുരേഷിന്റെ ജീവിതത്തിലെ പുതിയ അധ്യായത്തിന് ഇന്ന് തുടക്കം. സ്വന്തം ജീവിതത്തില്‍ ഏറ്റുവാങ്ങിയ ദുരന്തങ്ങളെ അതിജീവിച്ച ശ്രുതി ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതയായി. വയനാട് കലക്ടറേറ്റിലെ റവന്യൂ ജീവനക്കാരനായ സന്ദീപ് ശങ്കരനാണ് വരന്‍.

കിഴക്കെ നടയിലെ ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. രക്ഷാകര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് എല്ലാത്തിനും മേല്‍നോട്ടം വഹിച്ചത് മുന്‍ റവന്യൂ മന്ത്രി കെ രാജന്‍ ആയിരുന്നു. എല്ലാവര്‍ക്കും സന്തോഷകരമായ അനുഭവമാണ് ശ്രുതിയുടെ വിവാഹമെന്ന് കെ രാജന്‍ പറഞ്ഞു. എല്ലാഘടത്തിലും അവര്‍ക്കൊപ്പമുണ്ടാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഒരുമിച്ച് ജോലി ചെയ്യുന്ന ആളുടെ കൈയില്‍ ഏല്‍പ്പിച്ചപ്പോള്‍ വളരെ സന്തോഷമെന്നും രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വളരെ സന്തോഷമുണ്ട് ഈ നിമിഷത്തില്‍ എന്നായിരുന്നു വിവാഹശേഷം ശ്രുതിയുടെ പ്രതികരണം. ‘എല്ലാം അറിഞ്ഞ് എന്റെ കൈപിടിച്ചയാളാണ്. മുന്നോട്ട് ഇനി നല്ല ജീവിതവും സന്തോഷവും ഉണ്ടാകട്ടെ എന്നുപ്രാര്‍ഥിക്കുന്നു’ ശ്രുതി പറഞ്ഞു.