Latestകേരളം

കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍: ഹര്‍ജിയില്‍ ഈ ആഴ്ച വാദം കേള്‍ക്കും

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഈ ആഴ്ച വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി. പുതുക്കിയ വാദങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ കോടതിയില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ ഉന്നയിച്ച വാദങ്ങള്‍ക്ക് പുറമെ ഹാജര്‍നില, കേസുകളുടെ നടപടിക്രമം തുടങ്ങിയ കാര്യങ്ങളും പുതിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജരില്ലെന്ന സര്‍വകലാശാലയുടെ വാദം വിദ്യാര്‍ഥികള്‍ തള്ളി. പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികള്‍ക്കെല്ലാം സസ്പെന്‍ഷനു മുന്‍പ് 60 ശതമാനം വരെ ഹാജരുണ്ടായിരുന്നുവെന്നാണ് ഇവരുടെ വാദം. ശേഷിക്കുന്ന 15 ശതമാനം ഹാജര്‍ ഇളവിനായി അപേക്ഷ നല്‍കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ സസ്പെന്‍ഷനെ തുടര്‍ന്ന് ക്യാംപസില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതിനാല്‍ അപേക്ഷ സമര്‍പ്പിക്കാനായില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.