Latestദേശീയം

ജമ്മു കശ്മീരിലെ ക്വിഷ്ത്വാറില്‍ കാണാതായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീനഗർ ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയില്‍ കാണാതായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ കണ്ടെത്തി

രഷ്പാല്‍ കുമാർ (45), ബാബി ചന്ദ് (57) എന്നിവരാണ് കൊല്ലപ്പെട്ടത്. ശരീരത്തില്‍ വെടിയുണ്ട തറച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ നഷ്ടപ്പെട്ടതായും വിവരമുണ്ട്.

അതേസമയം, സി.ആർ.പി.എഫ് ബൂത്തിന് നേരെ ഭീകരാക്രമണം ഉണ്ടായ കുല്‍ഗ്രാമില്‍ സുരക്ഷാസേന കനത്ത ജാഗ്രത തുടരുകയാണ്. മേഖലയില്‍ നടത്തിയ വ്യാപക തിരച്ചിലിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ ഗുലാം ജീലാനി റേഷി എന്നയാളെ സുരക്ഷാസേന പിടികൂടി.

തംഗ്മാർഗിലെ ബദർകോട്ട് വനമേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്നും രണ്ട് ഹാൻഡ് ഗ്രനേഡുകള്‍ കണ്ടെടുത്തിട്ടുണ്ട്.സംഭവസ്ഥലത്ത് എൻ.ഐ.എ സംഘം സന്ദർശനം നടത്തും. പ്രദേശത്ത് നിന്ന് സാമ്പിളുകളും ഫോറൻസിക് തെളിവുകളും ശേഖരിച്ച്‌ വിശദമായ പരിശോധന നടത്താനാണ് അന്വേഷണ ഏജൻസികളുടെ തീരുമാനം. ഇന്നലെ നാക്കയില്‍ വിന്യസിച്ചിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ ബൈക്കിലെത്തിയ സംഘം നടത്തിയ വെടിവെപ്പില്‍ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു.

ആക്രമണത്തിന് ശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ ജവാന്മാർ അനന്ത്നാഗിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു