മാഹിയിൽനിന്ന് വൻതോതിൽ ഡീസൽ കടത്ത്
തലശ്ശേരി: മാഹിയിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ ഡീസൽ കടത്തുന്നതായി വിവരം. ക്വാറികൾ, മീൻപിടിത്ത ബോട്ടുകൾ, വള്ളങ്ങൾ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ഡീസൽ എത്തിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിലെ മലയോര മേഖലകളിലേക്കും കടത്ത് വ്യാപിക്കുന്നുണ്ട്.
ഇത്തരത്തിൽ കടത്താൻ ശ്രമിച്ച 12,000 ലിറ്റർ ഡീസൽ ചൊവ്വാഴ്ച പുലർച്ചെ 5.30ന് കുട്ടിമാക്കൂലിൽ പൊലീസ് പിടികൂടി. ടാങ്കർ ലോറി ഡ്രൈവർ വടകര ചോറോട് സ്വദേശി ടി.ടി. ഷിജീഷ് (47), സഹോദരൻ വിജിഷ് (49) എന്നിവരെ അറസ്റ്റ് ചെയ്തു. ടാങ്കർ ലോറിയും കസ്റ്റഡിയിലെടുത്തു. മലപ്പുറത്തേക്കാണ് ഡീസൽ കൊണ്ടുപോകുന്നതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
എഎസ്പി ഡോ. എം. നന്ദഗോപന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോപ്പാലത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ പിടികൂടിയത്. ഇന്ധനക്കടത്തിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് ആറു മണിക്കൂറോളം പ്രദേശത്ത് നിരീക്ഷണം നടത്തിയ ശേഷമായിരുന്നു നടപടി.
ക്വാറികളിലെ വലിയ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനും ലോറികളിൽ നിറയ്ക്കാനുമാണ് പ്രധാനമായും ഡീസൽ ഉപയോഗിക്കുന്നതെന്നാണ് വിവരം. ചില ക്വാറികളിൽ ഡീസൽ സംഭരിക്കുന്നതിനായി ചെറു പമ്പുകളും പ്രവർത്തിക്കുന്നുണ്ട്. തീരപ്രദേശത്തെ മത്സ്യബന്ധന ബോട്ടുകൾക്കും വള്ളങ്ങൾക്കും ഡീസൽ എത്തിക്കുന്നതായും സൂചനയുണ്ട്.
ഒരു ടാങ്കർ ഡീസൽ മാഹിയിൽനിന്ന് കേരളത്തിലെത്തിക്കുമ്പോൾ ഏകദേശം 1.20 ലക്ഷം രൂപയുടെ ലാഭമുണ്ടാകുമെന്നാണ് കണക്ക്. കേരളത്തിൽ ലിറ്ററിന് 103 രൂപയുള്ള ഡീസലിന് മാഹിയിൽ 93.79 രൂപയാണ് വില. ഒരു ടാങ്കർ കടത്തുന്നതിന് ലോറി ജീവനക്കാർക്ക് 4,000 മുതൽ 5,000 രൂപ വരെ പ്രതിഫലം നൽകുന്നതായും റിപ്പോർട്ടുണ്ട്. വ്യാജരേഖകളും ബില്ലുകളും ഉപയോഗിച്ചാണ് കടത്ത് നടത്തുന്നതെന്നും വിവരമുണ്ട്.
ഡീസൽ കടത്തുമൂലം നികുതിയിനത്തിൽ സംസ്ഥാന ഖജനാവിന് പ്രതിമാസം കോടികളുടെ നഷ്ടമുണ്ടാകുന്നതായാണ് വിലയിരുത്തൽ. മാഹിയിലെ വിവിധ പമ്പുകളിൽനിന്ന് ദിവസവും നിരവധി ടാങ്കറുകൾ രേഖകളില്ലാതെ ഡീസലുമായി പുറത്തുപോകുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തി പരിശോധന കർശനമാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
