Latestദേശീയം

അമിതാഭ് ബച്ചന്റെ വസതി അടക്കം മുംബൈയിലെ നിരവധി സ്ഥലങ്ങളില്‍ ബോംബ് ഭീഷണി

മുംബൈ: നടന്‍ അമിതാഭ് ബച്ചന്റെ വസതി അടക്കം മുംബൈയിലെ നിരവധി സ്ഥലങ്ങളില്‍ ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് നിരവധി സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്ന ഭീഷണി സന്ദേശം വന്നത്. അമിതാഭ് ബച്ചന്റെ വീടിന് നേരെ ഈ ആഴ്ച്ച ഉണ്ടാകുന്ന രാണ്ടാമത്തെ ബോംബ് ഭീഷണിയാണ് ഇത്. ഇതിന് പുറമേ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം, മേയറുടെ ഓഫീസ്, ബാങ്ക്, കോടതി, മഹാലക്ഷ്മി റേസ്‌കോഴ്സ് എന്നിവിടങ്ങളിലും ബോംബ് ഭീഷണിയുണ്ട്. ഭീഷണി സന്ദേശ വന്നതിന് പിന്നാലെ വലിയ സുരക്ഷാ സന്നാഹങ്ങളാണ് മുംബൈയില്‍ ഒരുക്കിയിരിക്കുന്നത്.

നവംബര്‍ 12ന് രാവിലെ 10:52ന് ലഭിച്ച ഇമെയിലാാണ് മുംബൈയില്‍ സുരക്ഷാ ആശങ്കകള്‍ക്ക് വഴിവെച്ചത്. ‘reduak079@gmail.com’ എന്ന വിലാസത്തില്‍ നിന്ന് അയച്ച ഈ സന്ദേശം, പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) ഉദ്യോഗസ്ഥര്‍ (മുംബൈ സോണല്‍ ഓഫീസ്, കഫ് പരേഡ് എല്‍സിബി, സവേരി ബസാര്‍ ബ്രാഞ്ച് ഓഫീസ്) ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ലഭിച്ചത്. നഗരത്തിലുടനീളം പലയിടങ്ങളിലായി ബോംബ് സ്‌ഫോടനങ്ങളും ആക്രമണങ്ങളും ഉണ്ടാകുമെന്ന് സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭീഷണി ഇ-മെയിലില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് കോര്‍പ്പറേഷന്റെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി.