പിതാവ് അറിയാതെ മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ട്’ ; ചേരാനല്ലൂർ കേസിൽ മൊഴി നൽകി 17കാരൻ
കൊച്ചി: വാഹനാപകടത്തിൽ ചേരാനല്ലൂർ സ്വദേശി ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ കാറോടിച്ച 17 കാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണ സംഘം. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന കേസുകളിൽ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്ന കോടതി നിർദേശത്തെ തുടർന്നാണ് ഈ നടപടി. താൻ ആദ്യമായിട്ടല്ല വാഹനം ഓടിക്കുന്നതെന്നും ഇതിനു മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും 17 കാരൻ അന്വേഷണ സംഘത്തിനു മൊഴി നൽകിയതാണു വിവരം. ഈ വാഹനം ഉപയോഗിച്ചു താൻ മുൻപും സ്കൂളിൽ പോയിട്ടുണ്ടെന്നും കുട്ടി സമ്മതിച്ചു. പക്ഷേ, പിതാവ് അറിയാതെയാണ് വാഹനങ്ങൾ ഓടിച്ചിരുന്നതെന്നാണ് കുട്ടി വ്യക്തമാക്കിയത്.
ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി, കോടതി അനുമതിയോടെയാണ് ഈ മൊഴിയെടുക്കൽ പൂർത്തിയാക്കിയത്. ഈ റിപ്പോർട്ട് ഉടൻ തന്നെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. ജുവനൈൽ ജസ്റ്റിസ് ബോർഡും സെഷൻസ് കോടതിയും ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
