Latestകേരളം

ചടയമംഗലത്ത് 13-കാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കൊല്ലം: ചടയമംഗലത്ത് 13-കാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം. മദ്യലഹരിയിൽ കുട്ടിയുടെ വസ്ത്രം ഊരി വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ചടയമംഗലം കുരിയോടിൽ ഇന്നലെ രാത്രിയാണ് ക്രൂര സംഭവം അരങ്ങേറിയത്. യാതൊരു കാരണവുമില്ലാതെ രണ്ടാനച്ഛൻ കുട്ടിയെ സ്ഥിരമായി മർദിക്കാറുണ്ടെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. കുട്ടിയെ ഇഷ്ടമില്ലാത്തതാണ് ക്രൂരതയ്ക്ക് കാരണമെന്നും അമ്മ പറയുന്നു

സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം റൂറൽ എസ്.പി., ചടയമംഗലം എസ്.എച്ച്.ഒ., ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽനിന്ന് കമ്മിഷൻ വിശദീകരണം തേടിയിട്ടുണ്ട്. പ്രതിയെ എത്രയും വേഗം അറസ്റ്റു ചെയ്യാനും കര്‍ശന നിയമ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രിയും നിർദേശം നൽകി. റൂറൽ എസ്‌പിയുമായി ഫോണിൽ സംസാരിച്ചാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.

സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ മന്ത്രി ബിന്ദു കൃഷ്ണയും നിർദേശം നൽകിയിട്ടുണ്ട്. കൊല്ലം റൂറൽ എസ്പിയും ചൈല്‍ഡ്‌ലൈനും വിഷയം അന്വേഷിക്കും. ഇത്തരം അതിക്രമങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.