ഇരിട്ടി ശോഭ കൊലപാതക കേസിൽ പ്രതിയായ രണ്ടാം ഭർത്താവ് മഞ്ജുനാഥിന് ജീവപര്യന്തം തടവ് ശിക്ഷ
കണ്ണൂർ: ഇരിട്ടി ശോഭ കൊലപാതക കേസിൽ പ്രതിയായ രണ്ടാം ഭർത്താവ് മഞ്ജുനാഥിന് ജീവപര്യന്തം തടവ് ശിക്ഷ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ജീവപര്യന്തം തടവിന് പുറമെ മൂന്ന് ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണം.
2017 ജനുവരി 21-ന് ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇരിട്ടിയിൽ രണ്ട് മക്കളോടൊപ്പം ടെന്റ് കെട്ടി താമസിച്ചുവരികയായിരുന്ന ശോഭയെയാണ് മഞ്ജുനാഥ് ക്രൂരമായി കൊലപ്പെടുത്തിയത്. ശോഭയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്ത് ഞെരിച്ച് ബോധം കെടുത്തിയ ശേഷം കിണറ്റിൽ തള്ളിയിടുകയായിരുന്നു. അമ്മയെ രണ്ടാനച്ഛൻ കൊലപ്പെടുത്തുന്നത് നേരിൽ കണ്ട അഞ്ചുവയസ്സുകാരൻ മകന്റെ മൊഴിയാണ് കേസിൽ ഏറ്റവും നിർണ്ണായകമായത്.
