Latestകണ്ണൂര്‍

മൂന്നാം വർഷവും ബ്ലൂ ഫ്ലാഗ് പദവി നിലനിർത്തി ചാൽ ബീച്ച്

കണ്ണൂർ : കണ്ണൂരിലെ ചാൽ ബീച്ച് തുടർച്ചയായ മൂന്നാം വർഷവും അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് പദവി നിലനിർത്തി. 2026–27 സീസണിലേക്കുള്ള പദവി അന്താരാഷ്ട്ര മാനദണ്ഡങ്ങൾ വിലയിരുത്തിയ ശേഷം ഡെന്മാർക്ക് ആസ്ഥാനമായ ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എഡ്യൂക്കേഷൻ പുതുക്കി നൽകി.

നെതർലൻഡ്സിൽനിന്ന് എത്തിച്ച ബ്ലൂ ഫ്ലാഗ്, ബ്ലൂ ഫ്ലാഗ് ഇന്ത്യ നാഷണൽ ഓപ്പറേറ്റർ ഡോ. ശ്രീജി കുറുപ്പ്, കെ.വി. സുമേഷ് എം.എൽ.എ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടർ പി. വിഷ്ണുരാജിന് കൈമാറി. കടൽത്തീരത്തിന്റെ സ്വാഭാവികത സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസന മാതൃകയാണ് ചാൽ ബീച്ചിന്റെ പ്രത്യേകതയെന്ന് കലക്ടർ പറഞ്ഞു. നവംബർ മുതൽ മേയ് വരെയാണ് ഔദ്യോഗിക ബ്ലൂ ഫ്ലാഗ് സീസൺ.

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ആസൂത്രണവും പരിപാലനവുമാണ് പദവി നിലനിർത്താൻ സഹായിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വൻകിട കോൺക്രീറ്റ് നിർമാണങ്ങൾ ഒഴിവാക്കി താൽക്കാലിക സംവിധാനങ്ങളിലൂടെ ബീച്ചിന്റെ സ്വാഭാവികത സംരക്ഷിക്കുന്നതാണ് ഇവിടത്തെ വികസന മാതൃക.

ചാൽ ബീച്ചിന്റെ സുസ്ഥിര ടൂറിസം മാതൃക പഠിക്കാൻ ശ്രീലങ്കയിൽനിന്നുള്ള ആറംഗ ഉന്നതതല സംഘവും സന്ദർശനം നടത്തി. മറൈൻ എൻവയൺമെന്റ് പ്രൊട്ടക്ഷൻ അതോറിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥരും കൊളംബോ പോർട്ട് സിറ്റിയിലെ നാല് പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. ബ്ലൂ ഫ്ലാഗ് മാനദണ്ഡങ്ങൾ, ബീച്ച് മാനേജ്മെന്റ്, പ്രാദേശിക പങ്കാളിത്തം, മാലിന്യസംസ്കരണം, പരിസ്ഥിതി പരിപാലനം എന്നിവ സംഘം വിലയിരുത്തി.

ബ്ലൂ ഫ്ലാഗ് പദ്ധതി കൂടുതൽ ബീച്ചുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പയ്യാമ്പലം, ചൂട്ടാട്, മുഴപ്പിലങ്ങാട് ബീച്ചുകളിലും സംഘം സാധ്യതാപഠനം നടത്തി. നിലവിലെ സൗകര്യങ്ങളും വിലയിരുത്തി