Latestകണ്ണൂര്‍

കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ യുവാവ് മരിച്ചത് ചികിത്സാപ്പിഴവെന്ന് പരാതി

കണ്ണൂർ: ഗവ. മെഡിക്കൽ കോളജിൽ യുവാവ് മരിക്കാനിടയായത് ചികിത്സാപ്പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി. കിഴുന്നപ്പാറ മുച്ചിലോട്ട് കാവിനു സമീപം കൊടുവള്ളി ഹൗസിൽ കെ. ശിവദാസന്റെ മകൻ കെ. ഷിജിൽ (31) ആണ് ബുധനാഴ്ച പുലർച്ചെ ആശുപത്രിയിൽ മരിച്ചത്.

കണ്ണിലെ ഞരമ്പിലുണ്ടായ നീർക്കെട്ടിന് ചികിത്സ തേടി നവംബർ ആറിനാണ് ഷിജിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ ഉണ്ടായ അനാവശ്യ കാലതാമസമാണ് ആരോഗ്യനില വഷളാക്കിയതെന്ന് ബന്ധുക്കൾ പരാതിയിൽ ആരോപിക്കുന്നു.

കടുത്ത പനിയും ചുമയും കഫത്തിൽ രക്തം കണ്ടെത്തിയതും ഉണ്ടായിട്ടും യഥാസമയം ന്യൂറോ സർജനെ അറിയിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. രോഗാവസ്ഥ മോശമായപ്പോഴും ആവശ്യമായ ചികിത്സ നൽകാനോ ഐസിയുവിലേക്ക് മാറ്റാനോ ചുമതലപ്പെട്ടവർ തയ്യാറായില്ലെന്ന് സഹോദരൻ ഷിഗിൻ പറഞ്ഞു.

മരിക്കുന്നതിന് തലേദിവസം ഷിജിലിന് പൂർണമായും ബോധം നഷ്ടമായ ശേഷമാണ് രാത്രി ഐസിയുവിലേക്ക് മാറ്റിയതെന്നും പുലർച്ചെ 3.30ന് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചതായി അറിയിക്കുകയായിരുന്നെന്നും ഷിഗിൻ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർക്കും പ്രതിപക്ഷനേതാവിനും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്