Latestകേരളം

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം പഠിക്കാൻ മൂന്നംഗ വിദഗ്ധ സമിതി

തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം സമഗ്രമായി വിലയിരുത്തുന്നതിനും വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുന്നതിനുമായി മൂന്നംഗ വിദഗ്ധ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ നിർദ്ദേശം നൽകി. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി സമിതിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

രാജ്യത്തുടനീളം വായു ഗുണനിലവാരം മോശമാകുന്നതിലുള്ള ആശങ്കയും, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാര സൂചികയുടെ കണക്കുകൾ വിവിധ ഏജൻസികൾ വ്യത്യസ്തമായി റിപ്പോർട്ട് ചെയ്യുന്നതും പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് തീരുമാനം.

ന്യൂഡൽഹിയിലെ ദി എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെന്റർ ഫോർ എയർ ക്വാളിറ്റി റിസർച്ച് സീനിയർ ഫെലോയും ഏരിയ കൺവീനറുമായ സുരേഷ് രാമസുബ്രഹ്മണ്യ അയ്യർ, കോഴിക്കോട് എൻഐടി സിവിൽ എൻജിനീയറിംഗ് വിഭാഗം പ്രൊഫസർ ഡോ ജോർജ് കെ വർഗീസ് എന്നിവരാണ് സമിതിയിലെ വിദഗ്ധ അംഗങ്ങൾ. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ സമിതിയുടെ കൺവീനറായി പ്രവർത്തിക്കും