Latestകേരളം

അടുത്ത വർഷത്തെ നീറ്റ് പരീക്ഷ ഓൺലൈൻ/ഓഫ് ലെെൻ രീതികളിൽ നടത്താന്‍ ആലോചന

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ നീറ്റ്-യുജി പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (CBT), പേപ്പര്‍-പെന്‍ പരീക്ഷ എന്നീ രണ്ട് രീതികളില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ അവസരം നല്‍കിയേക്കും. ഓണ്‍ലൈന്‍ പരീക്ഷാ രീതിയിലേക്ക് മാറുമ്പോള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്യ അവസരം ഉറപ്പാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം പരിഗണിക്കുന്നത്. ദി പ്രിന്റാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നീറ്റ് പരീക്ഷ ഇതുവരെ ഓഫ്ലൈന്‍ രീതിയിലാണ് നടത്തിയിരുന്നത്. അടുത്ത വര്‍ഷം തന്നെ പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലേക്ക് മാറിയാല്‍ പരമ്പരാഗത രീതിയില്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതിനാല്‍ പരീക്ഷാ രീതി തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നത് പരിഗണിക്കുന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) നടത്തുന്ന എല്ലാ മത്സരപരീക്ഷകളും ഭാവിയില്‍ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.