Latestകേരളം

ശബരിമല ഭക്തര്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമര്‍ദനം; നാലുപേര്‍ പിടിയില്‍

കൊല്ലം:കൊട്ടാരക്കരയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പ ഭക്തര്‍ക്ക് മദ്യപസംഘത്തിന്റെ ക്രൂര മര്‍ദനം. ഒന്നര വയസ്സുള്ള കുഞ്ഞിനും സ്ത്രീകള്‍ക്കുമുള്‍പ്പെടെ പരിക്കേറ്റു. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൊട്ടാരക്കര സ്വദേശികളായ പ്രണവ്, ഷിബിന്‍, ശരത്, പ്രവീണ്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഭക്തര്‍ സഞ്ചരിച്ച കാറില്‍ മദ്യപ സംഘത്തിന്റെ കാര്‍ തട്ടി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ മദ്യലഹരിയിലായിരുന്ന നാലംഗ സംഘം വാഹനത്തിലുണ്ടായിരുന്ന കുടുംബത്തെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.യുവാക്കള്‍ അമിതമായി മദ്യപിച്ചിരുന്നതായും ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും മദ്യ കുപ്പികള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.