Latestദേശീയം

ഇൻഷുറൻസ് തുകയ്ക്കായി മുൻ സൈനികനെ വധിച്ച ഭാര്യയും കാമുകനും പിടിയില്‍

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മുൻ സൈനിക ഉദ്യോഗസ്ഥന്റെ മരണം ആസൂത്രിതമായ കൊലപാതകമെന്ന് തെളിഞ്ഞു.കർണാടകയിലെ ബെലഗാവിയിലാണ് രണ്ടു കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയും കാമുകനും ചേർന്ന് ക്രൂരകൃത്യം നടത്തിയത്.

സംഭവത്തില്‍ ഭാര്യ സുമ മഞ്ചർഗി, കാമുകൻ ഡോംബർ എന്നിവരുള്‍പ്പെടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച്‌ 13-നാണ് മുൻ സൈനികനായ സന്ദീപ് കലഗൗഡ മഞ്ചർഗിക്ക് ചെറിയൊരു ബൈക്കപകടം ഉണ്ടായത്.

ആദ്യം ഹുക്കേരി സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സന്ദീപിനെ, ഭാര്യയുടെ നിർബന്ധപ്രകാരം പിന്നീട് ഘട്ടപ്രഭയിലെ ജെ.ജി. ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ മാർച്ച്‌ 15-ന് അദ്ദേഹം മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകള്‍.എന്നാല്‍, സന്ദീപിന്റെ പെട്ടെന്നുള്ള മരണം ബന്ധുക്കളിലും നാട്ടുകാരിലും സംശയമുണർത്തി. തുടർന്നുള്ള വിശദമായ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകവിവരം പുറത്തുകൊണ്ടുവന്നത്.

സന്ദീപിന്റെ മരണശേഷം രണ്ട് കോടി രൂപയുടെ ഇൻഷുറൻസ് തുക ലഭിക്കാനായി ഇവർ മുൻകൂട്ടി ഗൂഢാലോചന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. സന്ദീപും കാമുകൻ ഡോംബറും ചേർന്ന് നടത്തിയിരുന്ന ഹോട്ടല്‍ ബിസിനസിനിടെയാണ് ഡോംബറും സുമയും തമ്മില്‍ അടുപ്പത്തിലാകുന്നത്.

തുടർന്ന് സന്ദീപിന്റെ പേരില്‍ വിവിധ കമ്പനികളിലായി വൻതുകയുടെ ഇൻഷുറൻസ് പോളിസികള്‍ ഇവർ എടുക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സന്ദീപിന് ഉറക്കഗുളികകളും വിഷാംശമുള്ള മരുന്നുകളും നല്‍കി ഹൃദയാഘാതം വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.,ഈ കൃത്യത്തിന് കൂട്ടുനിന്ന ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും പ്രതികള്‍ മൂന്ന് ലക്ഷം രൂപ കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. മരണത്തെ അപകടമരണമായി ചിത്രീകരിക്കാൻ പ്രതികള്‍ ശ്രമിച്ചെങ്കിലും പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കൊലപാതകം പുറത്തുകൊണ്ടുവന്നു.

മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം നടപടികള്‍ ഉള്‍പ്പെടെ പൂർത്തിയാക്കിയാണ് പോലീസ് പ്രതികളെ പിടികൂടിയത്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.