മെഡിക്കൽ കോളജിലെ എമർജൻസി വാർഡിന് മുന്നിൽ സ്ത്രീകളുടെ മദ്യപാനം
ദർഭംഗ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ (DMCH) ജീവനക്കാരെന്ന് സംശയിക്കുന്നവർ ആശുപത്രിയിൽ വച്ച് മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ബിഹാറിൽ വൻ വിവാദം. വീഡിയോ ദൃശ്യങ്ങളിൽ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണുള്ളത്. പിന്നാലെ സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മദ്യവിൽപ്പനയും ഉപഭോഗവും നിരോധിച്ചിട്ടുള്ള ബിഹാറിൽ സർക്കാർ ആശുപത്രിക്കുള്ളിൽ നടന്ന സംഭവം വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.
ഒരു യുവാവ് ഇവർക്ക് സമീപത്ത് കൂടി കടന്ന് പോകുന്നതിനിടെ സ്ത്രീകളിലൊരാൾ അയാൾക്ക് മദ്യം ഗ്ലാസിൽ ഒഴിച്ച് കൊടുക്കുന്നു. പിന്നാലെ ഇയാൾ അത് കുടിക്കുകയും രണ്ടാമതും വാങ്ങി കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇയാൾ പോയതിന് പിന്നാലെ സ്ത്രീകൾ മൂന്ന് പേരും ഒന്നിച്ചിരുന്ന് ഗ്ലാസിൽ മദ്യമൊഴുച്ച് കഴിക്കുകയും സമീപത്തായുണ്ടായിരുന്ന ടച്ചിംഗ് എടുത്ത് ഇടയ്ക്ക് കഴിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.
