Latestകേരളം

കാർ ബൈക്കിലിടിച്ചു; റോഡിലേക്ക് തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

വാഴക്കുളം: മൂവാറ്റുപുഴ – പുനലൂർ സംസ്ഥാനപാതയിലെ വേങ്ങച്ചുവട്ടിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. തൊടുപുഴ ഉടുമ്പന്നൂർ അമയപ്ര നടുവിലെ മഠത്തിൽ പുരുഷോത്തമ കൈമളിന്റെ മകൻ ഗോകുൽ കൃഷ്ണൻ (32) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ വേങ്ങച്ചുവട്ടിലെ സ്കൂളിന് സമീപത്തായിരുന്നു അപകടം

വാഴക്കുളത്തെ ന്യൂ കെയർ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഗോകുൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. തൊടുപുഴ ഭാഗത്ത് നിന്ന് എത്തിയ കാർ മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ഗോകുലിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ഗോകുലിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കുളം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.