Latestദേശീയം

‘കഴുത’യ്ക്കും നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ്; MPNRC യുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വിവാദത്തില്‍

ഭോപ്പാല്‍: കഴുതയുടെ പേരില്‍ നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചെന്ന ആരോപണത്തില്‍ മധ്യപ്രദേശ് നഴ്‌സസ് രജിസ്‌ട്രേഷന്‍ കൗണ്‍സിലിനെതിരെ അന്വേഷണം. വ്യാജ വിവരങ്ങളും ഒഴിഞ്ഞ രേഖകളും ഒരു മൃഗത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തി പരീക്ഷണാടിസ്ഥാനത്തില്‍ എന്‍എസ്‌യുഐ സംസ്ഥാന വൈസ് പ്രസിഡന്റ് രവി പര്‍മാര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കപ്പെട്ടതായി ആരോപണമുയര്‍ന്നത്. ഇത് സര്‍ട്ടിഫിക്കറ്റ് അംഗീകാര നടപടിക്രമങ്ങളെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

എംപിഎന്‍ആര്‍സിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളിലെ പിഴവുകള്‍ പരിശോധിക്കുന്നതിനുള്ള ഒരു പരീക്ഷണം എന്ന നിലയിലാണ് താന്‍ അപേക്ഷ സമര്‍പ്പിച്ചതെന്ന് പാര്‍മാര്‍ പറഞ്ഞു. അപേക്ഷയില്‍ പേരിന്റെ സ്ഥാനത്ത് ‘Donkey’ (കഴുത) എന്നും, ഫോട്ടോ നല്‍കേണ്ടിടത്ത് ഒരു കഴുതയുടെ ചിത്രവുമാണ് നല്‍കിയത്. പിതാവിന്റെയും മാതാവിന്റെയും പേരുകളായി ‘Donkey Father’, ‘Donkey Mother’ എന്നിങ്ങനെയും രേഖപ്പെടുത്തി. ജാതി രേഖപ്പെടുത്തേണ്ട കോളത്തില്‍ ‘Animal’ (മൃഗം) എന്ന് നല്‍കിയപ്പോള്‍, വിലാസത്തിന്റെ വിവരങ്ങളും തോന്നിയതുപോലെയാണ് പൂരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയായിരുന്നു.