Latestകേരളം

നെടുമ്പാശേരി അപകടം; പ്രതിക്ക് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുത്ത് എക്‌സൈസ്

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പ്രതിക്ക് മദ്യം നല്‍കിയ ബാറുകള്‍ക്ക് എതിരെ നടപടിയുമായി എക്‌സൈസ്. 19 വയസ് മാത്രം പ്രായമുള്ള പ്രതി സുഹൈല്‍ മദ്യപിച്ച മൂന്ന് ബാറുകൾക്ക് എതിരെ കേസെടുത്തു.

കോര്‍ട്ട് യാര്‍ഡ് ബൈ മാരിയറ്റ് ബാര്‍ ഹോട്ടലിനെതിരെയാണ് ആദ്യം കേസെടുത്തത് പിന്നാലെ വൈറ്റിലയിലെ ദയ, പാലാരിവട്ടത്തെ മണ്‍സൂണ്‍ എംപ്രസ് എന്നീ ബാറുകള്‍ക്കെതിരെയും കേസെടുത്തു. മൂന്ന് ബാറുകളിലും പ്രതി എത്തുന്നതും മദ്യപിച്ചതും എക്‌സൈസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണെന്നും എക്‌സൈസ് പ്രതികരിച്ചു. 19കാരനായ പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നല്‍കിയതിനാണ് കേസ്. ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതും പരിഗണനയിലാണ്. കേരള അബ്കാരി നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി.

ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തിൽ തല്‍ക്ഷണം മരിച്ചിരുന്നു. പ്രതി സുഹൈല്‍ സജീവ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.