Latestകേരളം

സംസ്ഥാനത്ത് ചെറുമീനുകളുടെ വില കുതിച്ചുയരുന്നു

മത്സ്യവില കുതിച്ചുയരുന്നു. ജനപ്രിയ മത്സ്യ ഇനങ്ങളായ മത്തിക്കും അയലക്കും ദിനംപ്രതി വില കയറിക്കൊണ്ടിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് 100-150 രൂപ കിലോ വിലയുണ്ടായിരുന്ന മത്തി(ചാള) 300 രൂപയായി ഉയര്‍ന്നു. ചെറിയ മത്തിക്ക് പോലും 240-250 രൂപയാണ് വില. 160-180 രൂപയുണ്ടായിരുന്ന അയല വില 220 മുതല്‍ 240 രൂപ വരെ ഉയര്‍ന്നു. ഇത് വരും ദിവസങ്ങളില്‍ 300 രൂപയോളമെത്തുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

കായല്‍ മീനുകളായ കണമ്പ്, കരിമീന്‍, ചെമ്പല്ലി എന്നിവയ്ക്ക് കിലോയ്ക്ക് 600-800 രൂപ വരെയാണ് വില. കൂന്തള്‍ 120-140, കിളിമീന്‍ 200-220, ചെമ്മീന്‍ 300 രൂപ എന്നിങ്ങനെയാണ് പുതിയ വില. നെയ്മീന്‍, ആവോലി, മോദ എന്നിവയാണ് വലിയ മീനുകളുടെ കൂട്ടത്തില്‍ വിലയില്‍ മുന്നില്‍. 1000-1300 വരെയാണ് നെയ്മീന്റെ വില. വിപണിയില്‍ നെയ്മീന്റെ വരവും പാതി കുറഞ്ഞിട്ടുണ്ട്. ആവോലി വില 600-800 രൂപയും മോദ 700 രൂപ മുതല്‍ 750വരെയുമാണ് കിലോ വില.