കായംകുളത്ത് ബാറ്ററി സ്റ്റോറേജ്; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ഭാവിയിലെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുമായി (NTPC) ചേര്‍ന്ന് നിര്‍ണായക പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങി കേരളം. ഡല്‍ഹിയില്‍ നടന്ന ഉയര്‍ന്നതല ചര്‍ച്ചയിലാണ് സംസ്ഥാനത്തിന്റെ ഊര്‍ജ മേഖലയ്ക്ക് വന്‍ കുതിപ്പേകുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
പുനരുപയോഗ ഊര്‍ജ സംഭരണത്തിനായി കായംകുളത്ത് 2000 MWh ശേഷിയുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കാന്‍ തീരുമാനമായി. കെഎസ്ഇബി, എന്‍ടിപിസി, എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എന്നിവര്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. ഇതിന് പുറമെ, 2027 മാര്‍ച്ചോടെ പോത്തന്‍കോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളില്‍ 80 MWh വീതം ശേഷിയുള്ള ബിഇഎസ്എസ് പദ്ധതികളും കമ്മീഷന്‍ ചെയ്യും.
