ആരോഗ്യമേഖലയിലെ പ്രതിസന്ധിയെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്
തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രതിസന്ധിയെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മരുന്ന് സംഭരണവും വിതരണവും അവതാളത്തിലായതിന് പിന്നിൽ എന്തെങ്കിലും രഹസ്യ
അജണ്ട ഉണ്ടോയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു.
മരുന്ന് ക്ഷാമത്തിന്റെ ഉത്തരവാദിത്തം പഴയ സർക്കാരിൽ ആരോപിച്ച് രക്ഷപ്പെടാനാണ് ശ്രമമെന്നും പിണറായി വിജയൻ വിമർശിച്ചു. എന്നാൽ മരുന്നുക്ഷാമം ഊതിവീർപ്പിച്ചതാണെന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരന്റെ മറുപടി. അധികാരം നഷ്ടപ്പെട്ട രോഗത്തിന് മാത്രമേ സ്റ്റോക്ക് ഇല്ലാത്തതുള്ളൂവെന്നും മന്ത്രി പരിഹസിച്ചു.
കേരളത്തിന്റെ ആരോഗ്യരംഗം രാജ്യത്തിന്റെ പ്രകാശ ഗോപുരമാണ്. ആരോഗ്യ മേഖലയിലെ വിളക്ക് കെടുത്താതിരുന്നാൽ മാത്രം മതി. വേറെ അത്ഭുത വിളക്ക് തേടി പോകേണ്ടതില്ല. ഇവിടെ പിടിപ്പുകേടിന്റെ പ്രശ്നമാണ്. ഗർഭിണികൾക്കും കുട്ടികൾക്കും പോലും ചികിത്സ നിഷേധിക്കപ്പെടുന്നു. സർക്കാർ ആശുപത്രികളിൽ മരുന്നില്ല. ആരോഗ്യവകുപ്പ് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയാണ്. അട്ടപ്പാടിയിൽ ഏഴ് ജൂനിയർ ഹെൽത്ത് ഓഫീസർമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. സർക്കാരിന്റെ അനാസ്ഥയാണ് കുഞ്ഞുങ്ങളുടെ ഉൾപ്പെടെ ജീവനെടുക്കുന്നതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു
